News

കൊല്ലാൻ പദ്ധതിയിട്ടത് 5 പേരെ, അതിലൊരാൾ ഭാര്യ’: ചോദ്യം ചെയ്യലിൽ സമ്മതിച്ച് ചെന്താമര

നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമര അഞ്ചു പേരെ കൊലപ്പെടുത്താനാണ് പദ്ധതിയിട്ടതെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചതായി വിവരം. ചൊവ്വാഴ്ച രാത്രി പിടിയിലായ പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. കൊല്ലാൻ പദ്ധതിയിട്ടതിൽ മൂന്നു പേരെയാണ് പ്രതി കൊലപ്പെടുത്തിയത്.

2019 ൽ കൊല്ലപ്പെട്ട സജിത, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരായിരുന്നു അതിൽ മൂന്നു പേരെന്നും സജിതയുടെ അയൽവാസി പുഷ്പയും ചെന്താമരയുടെ തന്നെ ഭാര്യയുമാണ് മറ്റു രണ്ടു പേരെന്നുമാണ് സൂചന.അവരെയും കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും വിവരമുണ്ട്. തന്റെ കുടുംബം തകരാൻ കാരണം ഇവരാണെന്ന ചിന്തയും അതു മൂലമുണ്ടായ പകയുമാണ് ചെന്താമരയെ കൊലപാതകങ്ങൾക്കു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.2019 ഓഗസ്റ്റ് 31ന് സജിതയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് പിടിയിലായ ചെന്താമര, ചിലരെക്കൂടി കൊല്ലാൻ പദ്ധതിയുണ്ടെന്നും പൊലീസ് പിടികൂടിയതിനാൽ അതു നടത്താനായില്ലെന്നും ചോദ്യംചെയ്യലിൽ പറഞ്ഞതായി അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന റിട്ട. ഡിവൈഎസ്പി കെ.എം.ദേവസ്യ പറഞ്ഞിരുന്നു. ആ കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയതായിരുന്നു ചെന്താമര. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ സുധാകരനെതിരെ വധഭീഷണി മുഴക്കിയിരുന്നു. സുധാകരനും കുടുംബവും അതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീതു നൽകി വിട്ടയയ്ക്കുകയായിരുന്നു.ഇയാൾ അപകടകാരിയാണെന്നും നടപടിയെടുക്കണമെന്നും നാട്ടുകാരും പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവത്തോടെ എടുത്തില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ഇരട്ടക്കൊലപാതകം നടത്തിയതിനു പിന്നാലെ നാട്ടുകാർ പൊലീസിനെതിരെ രോഷപ്രകടനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് പ്രതിയെ പിടികൂടിയ ശേഷം നെന്മാറ പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായത്.

Related Posts

Load More Posts Loading...No More Posts.
error: Content is protected !!