News

ചേച്ചിയെ കാണാനായുള്ള യാത്ര,അനിറ്റയുടെ അവസാന യാത്രയായി

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചേച്ചിയെ കാണാനായുള്ള യാത്ര അനിന്റയുടെ അവസാന യാത്രയായി മാറിയത് വിശ്വസിക്കാനാവാതെ കീരിത്തോട് ഗ്രാമം. നേര്യമംഗലത്തിനു സമീപം മണിയമ്പാറയിലുണ്ടായ വാഹനാപകടത്തിൽപെട്ട് തെക്കുമറ്റത്തിൽ പരേതനായ ബെന്നിയുടെ മകൾ അനിറ്റ (15) മരിച്ച വിവരം വിതുമ്പലോടെയാണ് കീരിത്തോട്ടിലെയും കഞ്ഞിക്കുഴിയുമെല്ലാം നാട്ടുകാർ അറിഞ്ഞത്. തെക്കുമറ്റത്തിലെ അച്ചൂട്ടി അന്നാട്ടുകാർക്ക് അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചേച്ചിയെ കാണാനായി കെഎസ്ആർടിസി ബസിൽ അമ്മ മിനിയോടൊപ്പം പോകുമ്പോൾ ആയിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ മിനി കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.6 വർഷം മുൻപാണ് പിതാവ് ബെന്നി കാൻസർ ബാധിച്ച് മരിക്കുന്നത്. തുടർന്ന് അമ്മ മിനി ഏറെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. മൂത്തയാൾ അമാൻഡ നഴ്സിങ് വിദ്യാർഥിയാണ്. അനിന്റയുടെ വേർപാടിനെ തുടർന്ന് കോലഞ്ചേരി ആശുപത്രിയിൽനിന്നു അമാൻഡയെ ഡിസ്ചാർജ് ചെയ്ത് ബന്ധുക്കൾ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അമ്മ മിനിക്കൊപ്പം രാത്രി കീരിത്തോട്ടിലെ വീട്ടിൽ എത്തി. എല്ലാവരോടും കുശല പ്രശ്നം നടത്തിയിരുന്ന അച്ചൂട്ടി കത്തിപ്പാറത്തടത്തിലെ ഇടവക പള്ളിയിലും കഞ്ഞിക്കുഴിയിലെ സ്കൂളിലുമെല്ലാം പൂമ്പാറ്റയായിരുന്നു.പഠനത്തിൽ മിടുക്കിയായിരുന്ന അനിന്റ സ്കൂൾ ഗായക സംഘത്തിലും നൃത്ത സംഘത്തിലും സജീവ സാന്നിധ്യമായിരുന്നെന്ന് ക്ലാസ് അധ്യാപിക എം.ഡി.അനീഷ്യ പറഞ്ഞു. കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ ഗായക സംഘാംഗമായിരുന്ന അനിന്റയുടെ ആകസ്മികമായ വേർപാടിൽ ഇടവക സമൂഹവും വിതുമ്പുകയാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം രാത്രി വീട്ടിൽ എത്തിച്ചു.സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 3 വരെ കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും

Related Posts

Load More Posts Loading...No More Posts.
error: Content is protected !!